ആലുവ: കിഴക്കെ കടുങ്ങല്ലൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് കടിയേറ്റു. പെരിക്കപ്പാലം സ്റ്റോപ്പിൽ നിന്ന നരസിംഹ നഗർ ശ്രീനികേതനിൽ സന്ദീപ്, തോട്ടക്കാട്ടുകര നീർപ്പാലത്തിനു സമീപം റോഡിലൂടെ നടന്നു പോവുകയായിരുന്ന കിഴക്കെ കടുങ്ങല്ലൂർ ആലങ്ങായി റോഡിൽ താമസിക്കുന്ന റോബിൻ, ദേശീയപാതയിലൂടെ നടന്നു പോയ ഒരു സ്ത്രീ എന്നിവരെയാണ് കടിച്ചത്.
ഇന്നലെ രാവിലെ ജോലിക്കു പോകാൻ ബസ് കാത്ത് പെരിക്കപ്പാലം സ്റ്റോപ്പിൽ നിന്ന സന്ദീപിനെയാണ് തെരുവു നായ ആദ്യം കടിച്ചത്.
പിന്നീട് തോട്ടക്കാട്ടുകര ഭാഗത്തേക്ക് ഓടിയ തെരുവുനായ തോട്ടക്കാട്ടുകര നീർപ്പാലത്തിനു സമീപം റോഡിലൂടെ നടന്നു പോവുകയായിരുന്ന റോബിനെ കടിച്ചു. തുടർന്ന് അവിടെ നിന്നും ഓടിയ നായ ദേശീയ പാതയിലെ തോട്ടക്കാട്ടുകര സിഗ്നലിനു സമീപം വച്ച് ഒരു സ്ത്രീയെയും കടിച്ചു. അവിടെ നിന്നും പിന്നീട് നായ മണപ്പുറം റോഡിലേക്ക് ഓടിപ്പോയി. കടിയേറ്റവർ ചികിത്സ തേടി.